ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടി | Immediate action to solve problems faced by students in digital education


ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്  വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എറണാകുളം ജില്ലയിൽ സത്വര നടപടി സ്വീകരിക്കാന്‍ചേര്‍ന്ന യോഗത്തിന്റെ  തീരുമാനങ്ങൾ 

ജില്ലയിലെ എല്ലാ ജനപ്രതിനിധികളും സഹകരിച്ച് സ്‌പോണ്‍സര്‍ഷിപ്പിലൂടെയടക്കം വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിനുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ഗാഡ്‌ഗെറ്റ് ചലഞ്ച് സംഘടിപ്പിക്കുന്നതിനുള്ള നിര്‍ദേശം യോഗം മുന്നോട്ട് വെച്ചു. 

ജില്ലയിലെ എല്ലാ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കുന്ന ഉടന്‍ തന്നെ വൈദ്യുത കണക്ഷന്‍ നല്‍കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റു കുട്ടികള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കും. ബന്ധപ്പെട്ട കെഎസ്ഇബി ഓഫീസില്‍ സ്‌കൂള്‍ അധികൃതര്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. 

വൊഡാഫോണ്‍, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ജില്ലയിലെ വിവിധ മൊബൈല്‍ സേവനദാതാക്കള്‍ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യോഗത്തില്‍ അറിയിച്ചു. തണ്ണീര്‍ത്തട സംരക്ഷണ നിയമം, തീരദേശ പരിപാലന നിയമം പോലുള്ള പ്രശ്‌നങ്ങള്‍, പ്രദേശവാസികളുടെ എതിര്‍പ്പ്, വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കാത്തതു മൂലമുള്ള പ്രശ്‌നങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നുള്ള തടസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 

സിഗ്നല്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളുടെ തദ്ദേശ സ്ഥാപനങ്ങളും വാര്‍ഡുകളും രേഖപ്പെടുത്തിയ പട്ടിക സേവനദാതാക്കള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കൈമാറിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചതനുസരിച്ചാണിത്. മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിയമാനുസൃതമായ നടപടി ഉടനുണ്ടാകുമെന്ന് എഡിഎം ഉറപ്പുനല്‍കി. എല്ലാ പഞ്ചായത്തുകള്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നല്‍കും. 

മറ്റ് തടസങ്ങളിലാത്ത സ്ഥലങ്ങളില്‍ മൂന്ന് ദിവസത്തിനകം സിഗ്നല്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സേവനദാതാക്കള്‍ അറിയിച്ചു. സിഗ്നല്‍ ലഭ്യമല്ലാത്ത കോതമംഗലത്തെ ചില പ്രദേശങ്ങളില്‍ ഉടന്‍ ടവറുകള്‍ സ്ഥാപിക്കും. തീരദേശ മേഖലയില്‍ എട്ട് സ്ഥലങ്ങളില്‍ എട്ട് ടവറുകള്‍ താത്കാലികമായി സ്ഥാപിക്കുമെന്ന് സേവനദാതാക്കള്‍ അറിയിച്ചു. 

വരിസംഖ്യ കുടിശികയുള്ള വിദ്യാര്‍ഥികളുടെ വീടുകളിലെ കേബിള്‍ കണക്ഷന്‍ വിച്ഛേദിക്കിലെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഉറപ്പുനല്‍കി. 

അതത് വിദ്യാലയങ്ങള്‍ കുട്ടികളുടെ ആവശ്യങ്ങള്‍ സമീപത്തെ സഹകരണ വകുപ്പിന്റെ സ്ഥാപനങ്ങള്‍ക്ക് വിദ്യാലയം മുഖേന കത്ത് നല്‍കിയാല്‍ എല്ലാ സഹായ സഹകരണങ്ങളും ലഭ്യമാക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു. ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനടക്കം സഹായം നല്‍കും.

എല്ലാ ലൈബ്രറി ഹാളുകളും ടിവി സൗകര്യത്തോടെ പൊതുപഠന കേന്ദ്രങ്ങളാക്കി ഉപയോഗപ്പെടുത്താന്‍ സജ്ജമാണെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അറിയിച്ചു. സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് ലൈബ്രറി ഹാളുകള്‍ ഉപയോഗിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 

വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ പഠനം സുഗമമാക്കുന്നതിനുള്ള എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്ന് കുടുംബശ്രീ, അക്ഷയ മിഷനുകള്‍ അറിയിച്ചു. 

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസറുടെ നേതൃത്വത്തില്‍ ട്രൈബല്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പഞ്ചായത്ത്, താലൂക്ക് തല കമ്മിറ്റികള്‍ രൂപീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കുട്ടമ്പുഴ പഞ്ചായത്തില്‍ വിവിധ ഊര് വിദ്യാ കേന്ദ്രങ്ങള്‍, മള്‍ട്ടി ലേണിംഗ് സെന്ററുകള്‍, സാമൂഹ്യ പഠന മുറികള്‍ തുടങ്ങിയവ എണ്ണം ക്രമീകരിച്ചിട്ടുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പും പട്ടിക വര്‍ഗ വികസന വകുപ്പും വന വകുപ്പും കെഎസ്ഇബി തുടങ്ങിയവയുടെ സഹകരണത്തോടെ 36 പഠന കേന്ദ്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഇത് പ്രയോജനപ്പെടുത്താനാകും. 

എഡിഎം കെ.എ.മുഹമ്മദ്ഷാ ഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത്, പട്ടികജാതി വികസന ഓഫീസര്‍, പട്ടിക വര്‍ഗ വികസന ഓഫീസര്‍, സഹകരണ വകുപ്പ്, കെഎസ്ഇബി, കുടുംബശ്രീ, അക്ഷയ ജില്ലാ മിഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലയിലെ മൊബൈല്‍ സേവനദാതാക്കള്‍, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ആസൂത്രണ വിഭാഗം, ഡയറ്റ് പ്രിന്‍സിപ്പാള്‍, കൈറ്റ് ജില്ലാ മിഷന്‍, എഡ്യൂക്കേഷന്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, എന്നിവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post